Monday, 22 April 2013

ശകുന്തളാദേവിക്ക് ആദരാഞ്ജലികള്‍.





    രാവിലെ 6.05ന്‍റെ റേഡിയോ വാര്‍ത്തയില്‍ ശകുന്തളാദേവിയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പെട്ടെന്നു എന്‍റെ മനസ്സ്  വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പോയി.

Saturday, 20 April 2013

കാണാതെ പോകുന്ന വാര്‍ത്തകള്‍





    വാര്‍ത്ത എന്നാല്‍ വിവാദം അല്ലെങ്കില്‍ അപവാദം എന്നു വ്യവഹരിക്കാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മറ്റെല്ലാ രംഗങ്ങളിലുമുള്ള മൂല്യച്യുതി മീഡിയായെയും ബാധിച്ചു എന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം. പക്ഷേ യാഥാര്‍ത്ഥ്യം അതിലും ഭീകരമാണ്. നമ്മുടെ ദേശീയ മീഡിയാകള്‍ വെറും ചവറുകളായി മാറിയിട്ടു കുറച്ചുകാലമായി. എണ്ണപ്പെട്ടവരെന്നും ജനാധിപത്യത്തിന്‍റെ കാവല്‍ ഭടന്മാരെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പലരും വെറും അധികാര ദല്ലാള്‍മാരാണെന്നും അവരുടെ സ്കൂപ്പുകള്‍ പലതും പെയ്ഡ് ന്യൂസുകളാണെന്നും നാമറിഞ്ഞു. ചിലരെ ഉയര്‍ത്താനും മറ്റ് ചിലരെ ഇകഴ്ത്താനുമുള്ള ഉപാധി മാത്രമായി മീഡിയാ മാറിക്കഴിഞ്ഞു.

Wednesday, 20 March 2013

ചില കുടുംബ കാര്യങ്ങള്‍.





    ഇന്നലെ കാലത്ത് എനിക്കു ഒരു സന്ദര്‍ശകനുണ്ടായിരുന്നു. എന്‍റെ    നാട്ടുകാരനും അയല്‍ക്കാരനുമാണ്. വല്ലപ്പോഴും വരും. സ്വന്തം പ്രശ്നങ്ങളുടെ കെട്ടഴിക്കും. വേറൊരാളോടാണ് പറയുന്നതെന്ന് പരിഗണിക്കാതെ എല്ലാം വിട്ടു പറയും. എന്‍റെ ഭാര്യക്ക് കക്ഷിയെ അത്ര പിടിക്കില്ല. അയാളുടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കുറ്റങ്ങള്‍ തുറന്നടിക്കുന്നത് കൊണ്ടാണ്. പിന്നെ, വന്നാല്‍ ഉടനെ ഒന്നും പോകില്ല. ഔചിത്യം നോക്കാതെ ചടഞ്ഞു കൂടുന്നവരെ “അളിയന്‍” എന്നാണവള്‍  വിളിക്കുക. അളിയന്‍മാര്‍ ഓരോ സ്ഥലത്തും ഉണ്ടാവാറുണ്ട്. മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കാതെ ചടഞ്ഞു കൂടുന്നവര്‍. ബാബുവിനും ഞങ്ങളുടെ ഇടയിലെ വിളിപ്പേര് “അളിയന്‍” എന്നു തന്നെ.  
    രണ്ടു ദിവസം മുന്‍പ് ബാബു വിളിച്ചിരുന്നു. അയാളുടെ ജ്യേഷ്ഠന്‍റെ ഭൂമി ഒരു കേസില്‍ പെട്ടു നഷ്ടപ്പെട്ടു. കേറിക്കിടക്കാന്‍ കൂരയില്ലാതായി. തല്‍ക്കാലം മകളുടെ വീട്ടില്‍ കൂടുകയാണ് ,അയാള്‍ അങ്ങോട്ട് പോകുകയാണ് എന്നു പറഞ്ഞു. ബാബുവിന്‍റെ സഹോദരന്‍ ഒരു നല്ല മനുഷ്യനായിരുന്നു. അങ്ങിനെയുള്ളവരെയാണല്ലോ കുബുദ്ധികള്‍ക്ക് എളുപ്പം പറ്റിക്കാന്‍  കഴിയുക. എനിക്കു വിഷമം തോന്നി. ഞങ്ങളുടെ നാട്ടില്‍ ആയിരുന്നപ്പോള്‍ ഒരു വിധം നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണ്. കഠിനാദ്ധ്വാനിയായിരുന്നു ബാബുവിന്‍റെ ചേട്ടന്‍.   അയാളുടെ വിയര്‍പ്പ് വീണു കുതിര്‍ന്ന മണ്ണായിരുന്നു അവരുടേത്. അവരുടെ അച്ഛന്‍റെ  പിടിവാശിക്ക് ആ ഭൂമി വിറ്റു നാട് വിട്ടതാണ്. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍  ബാബു നഗരത്തിലെ  ആശുപത്രിയില്‍ ജോലിയാണ്. മകളെ കല്യാണം കഴിച്ചു അയച്ചു. മകന് വിവാഹം അന്യോഷിക്കുന്നു. അല്ലലില്ലാത്ത ജീവിതം. ഒരു വിഷമം മാത്രം മകന്‍റെ പഠിത്തം അങ്ങ് ശരിയായില്ല. അംഗീകാരമില്ലാത്ത ഒരു പ്രൈവറ്റ് കോഴ്സ്  പഠിച്ചു ഒരു ചെറിയ ജോലിയുമായി കഴിയുകയാണ് പയ്യന്‍.

    ഒരു വര്‍ഷം മുന്‍പ് ബാബു വന്നിരുന്നു. രണ്ടു മണിക്കൂര്‍ സമയം അയാള്‍ തന്‍റെ ജീവിതത്തിന്‍റെ മാറാപ്പു എന്‍റെ മുന്നില്‍ തുറന്നിട്ടു. മകന്‍റെ കല്യാണം ശരിയാവുന്നില്ല. നല്ല നല്ല ആലോചനകള്‍ വരുന്നുണ്ട്. പക്ഷേ പയ്യന്‍ അടുക്കുന്നില്ല. തീരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കിക്കളയുന്നു. അവന്‍റെ കുറവുകള്‍ അവന്‍ അറിയുന്നില്ല. പോരെങ്കില്‍ അവന് തീരെ അനുസരണയില്ല. അച്ഛനോടും അച്ഛന്‍റെ    വാക്കിനോടും ഒരു ബഹുമാനവുമില്ല. മകന്‍ അച്ഛനെ കൈകാര്യം ചെയ്യുമോ  എന്നു ഭയക്കുന്നു എന്നുവരെ അയാള്‍ പറഞ്ഞു വെച്ചു. ഞാന്‍ അയാള്‍ക്ക് ആത്മ വിശ്വാസം പകരുന്ന വിധത്തില്‍ സംസാരിച്ച് പതുക്കെ ഒഴിവാക്കി വിട്ടു.

    അഞ്ചു മാസം മുന്‍പായിരുന്നു ബാബുവിന്‍റെ മകന്‍റെ വിവാഹം.   കൊള്ളാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ്. പെണ്‍കുട്ടി നഗരത്തിലെ  ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നു. ബി.എസ്.സി നേഴ്സാണു.   ബാബുവും ഭാര്യയും അതീവ സന്തുഷ്ടരായി കാണപ്പെട്ടു. മാതാപിതാക്കള്‍  പെണ്‍ മക്കളെ കല്യാണം കഴിച്ചു വിടുമ്പോള്‍ പയ്യന്‍റെ വിദ്യാഭ്യാസ  യോഗ്യതയൊന്നും നോക്കാറില്ലെ എന്നൊരു കുശുമ്പു മനസ്സില്‍  മുളപൊട്ടിയെങ്കിലും ഞാനതടക്കി. ബാബുവിന്‍റെ ജീവിതം  സന്തോഷകരമായിരിക്കട്ടെ എന്നു മനസ്സില്‍ ആശംസിക്കുകയും ചെയ്തു.

    എന്‍റെ മുന്നിലിരിക്കുന്ന ബാബുവിനെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് അയാളുടെ അച്ഛനെയാണ്.അത്രയും തടിയില്ല പക്ഷേ ആറടിക്ക് മേലുള്ള ഉയരവും സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്ന കണ്ണുകളും ഒരു കൌശലക്കാരന്‍റെ മുഖവും ബാബുവിന് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ആരോടും സ്നേഹമില്ലാത്ത, ഒരു വെറും സ്വാര്‍ത്ഥനായിരുന്നു ആ മനുഷ്യന്‍. മക്കളോ നാട്ടുകാരോ അയാളെപ്പറ്റി നല്ലതൊന്നും പറഞ്ഞുകേട്ടിട്ടില്ല. മൂത്തമകന്‍റെ ഭാര്യ അയാളുടെ ക്രൂരതകളെപ്പറ്റിപറഞ്ഞു കരയുമായിരുന്നു. മരിക്കുന്നതുവരെ അയാള്‍ മക്കളെ പീഡിപ്പിച്ച് കൊണ്ടിരുന്നു. അയാളുടെ മരണം മക്കള്‍ക്ക് ആശ്വാസമായിരുന്നു എന്നു തന്നെ പറയാം. ആയ കാലത്ത് തല ഉയര്‍ത്തി നടന്ന അയാള്‍ പരിഹാസ്യനായാണ് മരിച്ചത്. അയാളെ കാണാതെ പരിചയക്കാര്‍ ഒഴിഞ്ഞു മാറുമായിരുന്നു. എന്നാലും ദിവസവും പുതിയ താമസസ്ഥലത്ത് നിന്നു മൂന്നു മൈല്‍ നടന്നു അയാള്‍ ഞങ്ങളുടെ നാട്ടിലെത്തും. ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളുടെ കടകളായിരുന്നു അയാളുടെ വിഹാരരംഗം. പിന്നെ പിന്നെ എന്നും ബസ് സ്റ്റോപ്പില്‍ കാണുന്ന ഒരു കിഴവനെന്ന പേര് അയാള്‍ക്ക് വീണു. ആരെങ്കിലും പരിചയക്കാരെ കണ്ടാല്‍ ചെറു തുകകള്‍ ചോദിക്കാന്‍ അയാള്‍ക്ക് മടിയില്ലാതായി. 

    “എന്താണ് പ്രശ്നം”? ബാബു വിസ്തരിച്ചിരുന്നു. എന്നിട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു “മരണ ഭീതി, എന്‍റെ മകന്‍ എന്നെ കൊല്ലുമോ എന്ന ഭീതി.”  തരിച്ചിരിക്കുന്ന എന്നെ നോക്കി അയാള്‍ പറഞ്ഞു. മകനെക്കൊണ്ടു വലിയ പ്രശ്നമായിരിക്കുന്നു. ചിലപ്പോള്‍ അവന്‍ വല്ലാതെ വയലന്‍റ് ആകുന്നു. മറ്റൊരു നഗരത്തില്‍ ജോലിചെയ്തിരുന്ന മകനെ ഇവിടെ കൊണ്ടുവന്നു ജോലി വാങ്ങിക്കൊടുത്തു. ഇപ്പോള്‍ അയാളെക്കൊണ്ട് ഒരു രക്ഷയുമില്ല. പോരെങ്കില്‍ ഭാര്യക്ക് തീരെ സുഖമില്ല.

“അയാളുടെ കല്യാണം കഴിഞ്ഞതല്ലെ ഉള്ളൂ. അയാള്‍ ഭാര്യയോട് എങ്ങിനെയാണ്?
“അതല്ലേ തമാശ. അയാള്‍ക്ക് അവളെ തീരെ വിശ്വാസമില്ല. അവളുടെ ബന്ധുക്കളായ പുരുഷന്മാരോട് സംസാരിക്കുന്നതു ഇഷ്ടമല്ല. അല്ലെങ്കിലും അവന് ചേര്‍ന്ന പെണ്ണാണോ അവള്‍? കണ്ടാല്‍ ഒരു വര്‍ക്കത്തില്ല. പോയി കണ്ടതെ അവന് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. ഞങ്ങള്‍ നടത്തിക്കൊടുത്തു. അത്രയേ ഉള്ളൂ.”
“പെണ്‍ കുട്ടി കാണാന്‍ അത്ര മോശമല്ലല്ലോ”
“അത്ര മോശമല്ല ,എന്നാലും അവന്‍റെ അത്ര സൌന്ദര്യമില്ല.”
“അത് ശരി, പ്രീഡിഗ്രീ തോറ്റ് ഒരു കടലാസ് കോഴ്സും പാസ്സായി മാസം അയ്യായിരം വാങ്ങുന്ന അവന് കിട്ടിയ ലോട്ടറിയല്ലേ ഈ പെണ്‍ കുട്ടി ”?
“കാര്യം ഒക്കെ ശരിയാണ് പക്ഷേ അവന് മനസ്സിലാവണ്ടേ? ഒഴിഞ്ഞു പോകുന്നെങ്കില്‍ പോകട്ടെ എന്നൊരു മട്ടാണ് അവന്.
“അവര് തമ്മില്‍ എപ്പോഴും വഴക്കാണോ?”
“അതല്ലേ തമാശ ചിലപ്പോള്‍ വലിയ സ്നേഹമാണ്. ഞങ്ങള്‍ ഇരിക്കുന്നു എന്ന തോന്നല്‍ പോലുമില്ല”
“അതെന്താ”
കഴിഞ്ഞ ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവള്‍ അവന്‍റെ മടിയില്‍ കിടന്നു.
താനെവിടെയായിരുന്നു ഇരുന്നതു ?
ഞാന്‍ മുന്നില്‍.
അവരോ?
അവര്‍ ഏറ്റവും പുറകില്‍.
താനെന്തിനാ തിരിഞ്ഞു നോക്കിയത്?
ഞാനല്ല ,അമ്മയാണ് കണ്ടത്.
പെണ്‍ കുട്ടി ഗര്‍ഭിണിയാണോ?
അതല്ലേ തമാശ. ദൈവം നീതിമാനാണ് എന്നതിന് വേറെ തെളിവ് വേണ്ട.
അതെന്താ 
എന്തായിരുന്നു അവളുടെ ഗര്‍വ്വ്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടിയത് .ദൈവം പൊറുത്തില്ല.
എന്താ അവള്‍ പറഞ്ഞത്.
ഞാനെന്‍റെ മോനേ നാടന്‍ കോഴിയെപ്പോലെ അഴിച്ചുവിട്ടു വളര്‍ത്തും.ഒരിക്കലും ബ്രോയിലര്‍ കോഴിയെപ്പോലെ കൂട്ടിലിട്ട് വളര്‍ത്തില്ല എന്നു. ആ അഹമ്മതി ദൈവം ക്ഷമിച്ചില്ല.
ദൈവം എന്താ ചെയ്തത്?
നാലുമാസം കഴിഞ്ഞപ്പോള്‍ പിന്നെ കുട്ടിക്ക് വളര്‍ച്ചയില്ല. അവസാനം ടെര്‍മിനേറ്റ് ചെയ്യേണ്ടി വന്നു.
ഞാന്‍ ബാബുവിന്‍റെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ദുഖത്തിന്‍റെ ലാഞ്ചനപോലുമില്ല. എതിരാളിയെ തോല്‍പ്പിച്ചവന്‍റെ ഗര്‍വ്വ് മാത്രം.
“തന്‍റെ മകന് ദുഖമുണ്ടായില്ലെ?”
അതിനു അവന് മറ്റാരോടെങ്കിലും സ്നേഹമുണ്ടായിട്ടു വേണ്ടേ?
അവന് തന്‍റെ അച്ഛന്‍റെ ഛായയാണുള്ളത് .സ്വഭാവവും അതുപോലെ തന്നെ. തികഞ്ഞ സ്വാര്‍ത്ഥന്‍. ഇങ്ങിനെയുള്ളവര്‍ വിവാഹം കഴിക്കരുത്.
ഞാന്‍ പക്ഷേ അങ്ങിനെയല്ല.
ഞാന്‍ പറഞ്ഞില്ലല്ലോ. ആട്ടെ, മകന് അമ്മയെ ഇഷ്ടമാണോ?
പിന്നെ. ഇരുപത്തഞ്ചു വയസ്സു വരെ അമ്മയുടെ കൂടെയല്ലേ കിടന്നിരുന്നത്.
മകന്‍ കല്യാണം കഴിച്ചതിന് ശേഷമാണോ  ഭാര്യക്ക് സുഖമില്ലാതായത്.  
ഒരു തലവേദന. മാറുന്നില്ല.
ഭാര്യ പോയാല്‍   ഇവന്‍ പിന്നേയും അമ്മയുടെ കൂടെയാവുമോ കിടപ്പ്?
പെട്ടെന്നു ബാബുവിന് ഞാന്‍ കളിയാക്കുകയാണോ എന്നൊരു തോന്നല്‍. ആ മുഖം മുറുകി.
“ബാബു ഞാന്‍ കളിയാക്കിയത് തന്നെയാണ്. നിങ്ങള്‍ക്ക് ആ ചെറുപ്പക്കാരുടെ ജീവിതത്തില്‍ നിന്നു ഒഴിഞ്ഞു പോകാന്‍ പറ്റുമോ?”
ഒഴിഞ്ഞു പോകാനോ? ഞങ്ങളോ? അവളല്ലെ ഒഴിഞ്ഞു പോകേണ്ടത്?

ഞാനൊന്നും മിണ്ടിയില്ല. മിണ്ടിയിട്ടു കാര്യമില്ല.

വെട്ടത്താന്‍

Friday, 8 March 2013

കലപ്പ രാമന്‍റെ മരണം




 
    രാമനും കുടുംബവും   ഞങ്ങളുടെ നാട്ടുകാരായിട്ടു വര്‍ഷങ്ങളേറെയായി.  ഒരു തമിഴ് നാടോടി യാചക കുടുംബം.  പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ ,തമിഴന്‍മാര്‍ ഒരു അപൂര്‍വ്വ കാഴ്ചയാണ്. രാമനാണ് കുടുംബനാഥന്‍.   മുപ്പതു-മുപ്പത്തഞ്ചു  വയസ്സുള്ള ഒരു ഊശാം താടിക്കാരന്‍. ഭാര്യ, കലപ്പ എന്നു എല്ലാരും വിളിക്കുന്ന ഒരു മൊഞ്ചത്തി. രണ്ടു കുട്ടികള്‍. രജനിയും കണ്ണനും.

Tuesday, 26 February 2013

വനദേവത.




    ഒരു ബന്ധുവീട് സന്ദര്‍ശിച്ചതിന് ശേഷം ബസ്സില്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു അയാള്‍. പെട്ടെന്നു, തടാകം ഒന്നു കണ്ടുപോയാലോ എന്നൊരാഗ്രഹം. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കപ്പുറമാണ്. ഓണം വെക്കേഷന് വീട്ടിലെത്തിയതാണ് കക്ഷി. തരം കിട്ടുമ്പോഴൊക്കെ തടാകം സന്ദര്‍ശിക്കുന്നത് അയാളുടെ ഒരു മോഹമായിരുന്നു. ഇന്നത്തെപ്പോലെ ആളും ബഹളവുമൊന്നും അന്നുണ്ടായിരുന്നില്ല. ശാന്ത സുന്ദരമായ പ്രകൃതിയുടെ മടിത്തട്ടില്‍  പക്ഷികളുടെ കലപില ശബ്ദം കേട്ടു കുഞ്ഞോളങ്ങളുമായി തടാകം   സന്ദര്‍ശകരെ കാത്തു കിടന്നു. തടാകത്തിന് ചുറ്റുമുള്ള  റോഡ് ആ അടുത്തകാലത്താണ് മൂന്നു മീറ്റര്‍  വീതിയില്‍ ടാര്‍ ചെയ്തത്.  ഒറ്റക്കും തെറ്റക്കും വരുന്ന സന്ദര്‍ശകര്‍ മടുപ്പിക്കുന്ന   ഏകാന്തത അകറ്റാന്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞു തടാകത്തിന് ചുറ്റും നടന്നു മടങ്ങിപ്പോയി.

Friday, 15 February 2013

മരിച്ചു ജീവിക്കുന്നവര്‍.




    പെട്ടെന്നായിരുന്നു മരണം. ടോണി മരിച്ചു എന്നു കാര്‍വര്‍ണന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എനിക്കു  വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസം മുമ്പു കണ്ടതാണ്. പുതിയ പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെന്ന് കരുതിയതെയില്ല. കഷ്ടിച്ച് ഒരു വര്‍ഷം മുന്‍പാണ് ടോണി ഓഫീസില്‍ കുഴഞ്ഞ് വീണത്. സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ചു ഒരു ഹൃദയാഘാതം കൂടി ഉണ്ടായി. പക്ഷേ മരുന്നുകളുടെയും പരിചരണത്തിന്റെയും മികവില്‍ ടോണി ജീവിതത്തിലേക്ക് തിരിച്ചു വന്നു.

Sunday, 13 January 2013

കരിയുമ്മ




    എല്ലാവരും അവരെ “കരിയുമ്മ” എന്നു വിളിച്ചു. ഞാന്‍ കാണുമ്പോള്‍ ഉണങ്ങി വരണ്ടു ഒരു വിറകു കൊള്ളി പോലെയായിരുന്നു അവര്‍. അത്യദ്ധ്വാനത്തിന്‍റെ ഫലം. കരിയുണ്ടാക്കി ,അത് നിലമ്പൂരു കൊണ്ടുപോയി  ചായക്കടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു അവരുടെ തൊഴില്‍. എണ്‍പതുകളില്‍ അതൊരു കാഴ്ചയായിരുന്നു. വലിയ ചാക്കുകളില്‍ കരി നിറച്ചു പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുമന്നു ഒരു പറ്റം മനുഷ്യര്‍  നിലമ്പൂരിലെ ചായക്കടകള്‍ പ്രവര്‍ത്തിപ്പിച്ചു. നിലമ്പൂര്‍ ഒരു ഗ്യാസ് ഏജന്‍സി വന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. അതുവരെ വിറകും കരിയുമായിരുന്നു ഇന്ധനം. ചാലിയാര്‍ പുഴ കടന്നു പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള കൃഷിസ്ഥലത്തേക്ക് പോകുമ്പോള്‍  കരി  നിറച്ച ചാക്കുമായി മനുഷ്യക്കോലങ്ങള്‍ നടന്നു നീങ്ങുന്നത് കാണാം. നാട്ടു പാതകളുണ്ട്. പക്ഷേ വാഹനമില്ല. ആകെയുള്ള ഒരു ജീപ്പ് കിട്ടിയാല്‍ നമ്പൂരിപ്പൊട്ടി വരെയെത്താം. പിന്നേയും അഞ്ചാറ് കിലോമീറ്റര്‍ ദൂരമുണ്ട്.  നടപ്പ് അല്ലാതെ വേറെ വഴിയില്ല.

Saturday, 22 December 2012

വെണ്മണിക്കുടിയിലേക്കൊരു തീര്ത്ഥയാത്ര.





നാല്‍പ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ആഹ്ലാദം തുളുമ്പുന്ന ഓര്‍മ്മയായി-വെണ്മണിക്കുടിയാത്ര. ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനസ്സ് ഇത്രയും നിറഞ്ഞൊരു യാത്ര അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.

Tuesday, 4 December 2012

ഒരു അള്‍ത്താര ബാലന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍.




     യൌസേഫ് പിതാവിന്‍റെ തിരുനാളാണ്. ചടങ്ങുകള്‍ക്കിടയില്‍ യൌസേഫ് പിതാവ് ഉണ്ണി ഈശോയേ എടുത്തിരിക്കുന്ന പ്രതിമ  ആഘോഷമായി പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടക്കുന്നു. വലിയ അള്‍ത്താരയില്‍ വെച്ചിരിക്കുന്ന രൂപം പ്രാര്‍ഥനയുടെ അകമ്പടിയോടെ വൈദീകന്‍ ചെറിയ അള്‍ത്താരയിലേക്ക് എടുത്തു കൊണ്ട് പോകുകയാണ്. പെട്ടെന്നു വിശ്വാസികളുടെ ഇടയില്‍ ഒരു ചിരി പടര്‍ന്നു. ഉണ്ണി ഈശോയുടെ തല പ്രതിമയില്‍ നിന്നടര്‍ന്ന് കാര്‍പ്പറ്റിലൂടെ ഉരുണ്ടു പോയി. ഇതറിയാതെ കപ്യാര്‍ കുര്യന്‍ ചേട്ടന്‍ തന്‍റെ പരുപരുത്ത ശബ്ദത്തില്‍ പാട്ട് തുടരുന്നു. കുന്നപ്പള്ളി അച്ചന് ക്ഷോഭം കൊണ്ട് കണ്ണു കാണാതായി. കപ്യാരെ കൈ കാട്ടി വിളിച്ച് ആ വൃദ്ധന്‍റെ ചെവി പിടിച്ച് തിരിച്ചു, അച്ചന്‍ ആ ക്ഷോഭം തീര്‍ത്തു. ചെവി തിരുമ്മിക്കൊണ്ട് തെറിച്ചു പോയ ഉണ്ണി ഈശോയുടെ തല തപ്പിയെടുത്തു കുര്യന്‍ ചേട്ടന്‍. അത് പതുക്കെ കഴുത്തിന് മുകളില്‍ വെച്ചു. ചടങ്ങുകള്‍ വീണ്ടും ഭക്തി നിര്‍ഭരമായി.

Friday, 16 November 2012

വിനോദ് റായിയുടെ ഒന്നേമുക്കാല്‍ ലക്ഷം കോടി.





    സുപ്രീം കോടതി പറഞ്ഞത് പോലെ സി.എ.ജി വെറും കണക്കപ്പിള്ളയല്ല. അത് ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഒരു ഭരണഘടനാ സ്ഥാപനമാണ്. വ്യക്തിയുടെ തലതിരിഞ്ഞ മനോവ്യാപാരങ്ങളല്ല, വ്യക്തി മോഹങ്ങളല്ല, സി.എ.ജി റിപ്പോര്‍ട്ടിനു ആധാരമാകേണ്ടത്. സത്യവും നീതിയും മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ബന്ധമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും കണക്കുകളും പരിശോധിക്കുകയാണ് സി.എ.ജി യുടെ ജോലി. പക്ഷേ വ്യക്തി താല്‍പ്പര്യങ്ങളുള്ളവര്‍ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത്  വരുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തമോദാഹരണമാണ് അടുത്തകാലത്ത് കോളിളക്കം സൃഷ്ടിച്ച  സി.എ.ജിയുടെ രണ്ടു റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്നിന്‍റെ കാപട്യം ഇപ്പോള്‍ പൊളിഞ്ഞു.

Friday, 9 November 2012

നാണുവിന്‍റെ ഭാര്യ.




    നാണുവിന്‍റെ ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. എന്നെപ്പോലെ ആ സ്ത്രീയെ കാണാത്ത ധാരാളം പേര്‍ നാട്ടിലുണ്ടായിരുന്നു. പക്ഷേ നാണുവിന്‍റെ ഭാര്യയുടെ സൌന്ദര്യവും, സ്വഭാവഗുണങ്ങളും ഞങ്ങള്‍ക്കെല്ലാം മനപാഠമായിരുന്നു.

Saturday, 27 October 2012

ഒരു സര്‍ദാര്‍ജിയിന്‍ കനിവ്.





    വളരെ പെട്ടെന്നുള്ള ഒരു യാത്രയായിരുന്നു അത്. അതുകൊണ്ടുതന്നെ റിസര്‍വേഷന്‍ ഒന്നും തരമായില്ല. അല്ലെങ്കിലും വീട്ടിലിരുന്നു എങ്ങോട്ടും യാത്ര പ്ലാന്‍ ചെയ്യാനും, ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയുന്ന കാലവുമായിരുന്നില്ല. ഇന്‍റര്‍നെറ്റ് പോയിട്ടു എസ്.റ്റി.ഡി തന്നെ വ്യാപകമല്ലാത്ത കാലം.1988 ല്‍ അടിയന്തിരമായി ബോംബേയ്ക്ക് പോകേണ്ടി വരുന്ന മറ്റുള്ളവരെപ്പോലെ ഞാനും  പല വാതിലുകളിലും മുട്ടി നോക്കി. ഫലം നാസ്തി. അവസാനം ജനറല്‍ കംപാര്‍ട്മെന്‍റില്‍ കയറി ബോംബെയില്‍ എത്തി. രണ്ടു ദിവസം അവിടെനിന്നു എങ്ങിനെയെങ്കിലും റിട്ടേണ്‍ ടിക്കറ്റ് ഒപ്പിച്ചു പോരാം എന്നു കരുതിയിരിക്കുമ്പോള്‍ കൃഷിസ്ഥലത്ത് ഒരു ചുമട്ടുതൊഴിലാളി പ്രശ്നം . ഉടനെ തിരിച്ചെത്തിയെ പറ്റൂ എന്ന അവസ്ഥയില്‍ ഞാന്‍ തിരിച്ചു വണ്ടി കയറി.

Sunday, 14 October 2012

ശകുന്തള



 
    ശകുന്തള എന്നുകേള്‍ക്കുമ്പോഴേ കാളിദാസന്‍റെ ശകുന്തളയിലേക്കു നമ്മുടെ മനസ്സെത്തും. കാലില്‍ത്തറച്ച മുള്ളെടുക്കാനെന്നുള്ള വ്യാജേന ദുഷന്തനെ ഒളിഞ്ഞു നോക്കുന്ന ശകുന്തള. കള്ളവും ചതിയുമറിയാത്ത താപസകന്യക. അനസൂയയും പ്രിയംവദയും ഇരുപുറവും നിന്നു സ്നേഹം ചൊരിയുന്ന പ്രിയ സഖി. കാളിദാസന്‍റെ വിശ്വോത്തരനാടകം വായിച്ചിട്ടുള്ളവരുടെ മനസ്സിലേക്ക് അതിമനോഹരമായ ആ നാലാം അങ്കവും താത കണ്വന്‍റെ പാരവശ്യവും ഒക്കെ തിരയടിച്ചുവരാം.

Thursday, 27 September 2012

മൊബൈലിനും മുമ്പ്




    “സര്‍, താമരശേരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇന്നുച്ചകഴിഞ്ഞു ബസ്സപകടം വല്ലതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ?”
“ഇല്ലല്ലോ ,ആരാ?”
ഞാന്‍ സ്വയം പരിചയപ്പെടുത്തി. കാര്യവും പറഞ്ഞു. അടുത്തത് മുക്കം പോലീസ് സ്റ്റേഷനാണ്. പിന്നെ അരീക്കോട് . അവസാനം എടവണ്ണ പോലീസ് സ്റ്റേഷനും കഴിഞ്ഞു. ഒരിടത്തും അപകടമൊന്നുമില്ല. പക്ഷേ ആള്‍ ഇതുവരെ എത്തിയിട്ടില്ല. നാലുമണിക്ക് സ്കൂളില്‍ നിന്നു പോന്നതാണ്. എനിക്കിരിപ്പുറച്ചില്ല. ഞാന്‍ വീണ്ടും നിലമ്പൂരങ്ങാടിയിലേക്ക് തിരിച്ചു.

Friday, 14 September 2012

അവാര്‍ഡിന്‍റെ പൊന്‍ തിളക്കത്തില്‍


  

    ആ വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡീസിന്‍റെ ലിസ്റ്റില്‍ ദാമോദരന്‍റെ പേര് കണ്ടപ്പോള്‍ എനിക്കു വല്ലാത്ത ആഹ്ലാദം തോന്നി. ദാമോദരന്‍ എന്‍റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു ക്ലബ്ബില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചാറ്  വര്‍ഷത്തെ പരിചയവും സൌഹൃദവുമുണ്ട്. കുടുംബവുമായും പരിചയത്തിലാണ്. രമണിയുടെ അച്ഛന്‍ കുഞ്ഞുണ്ണി നായരുടെ തോട്ടം എന്‍റെ കൃഷിയിടത്തിന് അടുത്താണു  . അങ്ങിനെയും പരിചയമുണ്ട്.

Sunday, 2 September 2012

ഒരു മലവെള്ളപ്പാച്ചിലില്‍.





    കാട് കാണാനുള്ള മോഹത്തില്‍ പോയതാണ്. പതിവ് പോലെ സര്‍വ്വയര്‍മാരാണ് പ്രചോദനം. ഉടുമ്പന്നൂര്‍ കഴിഞ്ഞു ചീനിക്കുഴി. വീണ്ടും അഞ്ചാറ് കിലോമീറ്റര്‍ നടന്നാല്‍ സ്ഥലത്തെത്താം. അവിടെ ഗിരിവര്‍ഗ്ഗക്കാരനായ ബാലകൃഷ്ണനുണ്ട്. അയാളുടെ വീട്ടില്‍ താമസിക്കാം. പിറ്റെന്നു അയാളോടൊപ്പം മലകള്‍ കയറി ഇടുക്കിയിലെത്താം.എല്ലാക്കാര്യങ്ങളും സര്‍വ്വേയര്‍ ജനാര്‍ദ്ദനന്‍ പിള്ളയും കൂട്ടുകാരും പറഞ്ഞുറപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊണ്ട് കോളേജ് അടച്ചിരിക്കയാണ്. ഞങ്ങള്‍ (ജോസഫ്, ജോര്‍ജ് വര്‍ക്കി പിന്നെ ഞാനും ) പുറപ്പെട്ടു.നാലുമണിയോടെ ബാലകൃഷ്ണന്‍റെ വീട്ടിലെത്തി. ബാലകൃഷ്ണന്‍ സമ്പന്നനാണു. ധാരാളം ഭൂസ്വൊത്ത്. എറണാകുളത്തു ഉന്നത ഉദ്യോഗങ്ങളിലിരിക്കുന്ന ജ്യേഷ്ഠന്‍മാരുടെ കൃഷികള്‍ നോക്കി നടത്തുന്നതും ബാലകൃഷ്ണനാണ്. വൈക്കോല്‍ മേഞ്ഞതെങ്കിലും വലിയ നാലുകെട്ടാണ്പുര. എന്തിന്, ഭാര്യമാര്‍ തന്നെ  രണ്ടെണ്ണം. പ്രായം ഒരു മുപ്പത്തഞ്ചിലധികമില്ല. രസികനായ ബാലകൃഷ്ണന്‍ ഞങ്ങളെ സഹര്‍ഷം സ്വീകരിച്ചു.

Wednesday, 22 August 2012

ചില ഓഡിറ്റിങ് അനുഭവങ്ങള്‍.




    അടുത്ത കാലത്ത് സി.എ.ജി ആണ് താരം.പ്രതിപക്ഷങ്ങള്‍ക്കൊന്നും ഒരു ഇഫക്റ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ല. സി.പി.എം, പ്രകാശ് കാരാട്ടിന്‍റെ ഉജ്വല നേതൃത്വത്തിന്‍റെ മികവില്‍ നാടുമുഴുവനും (ജയിലില്‍ പോലും)  പടര്‍ന്ന് പന്തലിക്കുന്ന തിരക്കില്‍, ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒന്നും കാണാനും പറയാനുമുള്ള അവസ്ഥയിലല്ല. അഭിപ്രായവ്യത്യാസം എന്തുണ്ടെങ്കിലും ഒരു തിരുത്തല്‍ ശക്തിയായിരുന്നു അവര്‍. എന്തു ചെയ്യാം. പിന്നെ ഉള്ളത് ബി.ജെ.പി യാണ്. അഴിമതി നടത്തും, വിമാനറാഞ്ചികള്‍ക്ക് മന്ത്രിയെത്തന്നെ എസ്കോര്‍ട്ട് വിടും എന്നൊക്കെയല്ലാതെ അഴിമതി കണ്ടുപിടിക്കാനുള്ള ക്ഷമയും മിടുക്കുമൊന്നും ബി.ജെ.പ്പിക്കില്ല. അഭിനവ ഗാന്ധി അണ്ണാ ഹസ്സാരെയും നാഴികയ്ക്ക് നാല്‍പ്പതുവട്ടം അഭിപ്രായം മാറുന്ന മുനിവര്യന്‍ രാംദേവും ഒക്കെ സഹായിക്കാന്‍ നോക്കിയിട്ടും ബി.ജെ.പി നന്നാകുന്നില്ല. ഇടക്കിടക്ക് ഒരു ഓലപ്പടക്കത്തിനെങ്കിലും തീ കൊളുത്തുന്നത് നമ്മുടെ സുബ്രമണ്യ സ്വാമിയാണ്. മൂപ്പര്‍ക്ക് പക്ഷേ നേരിട്ടു യുദ്ധം ചെയ്യുന്ന ശീലമില്ല. ഈ ദയനീയ അവസ്ഥയിലാണ് നമ്മുടെ സി.എ.ജി ഈ നാടിന്‍റെ രക്ഷകനായി അവതരിച്ചിരിക്കുന്നത്. ഒരു ഭാരത രത്നം, ഏറ്റവും കുറഞ്ഞത് ഒരു പത്മ വിഭൂഷണം എങ്കിലും കൊടുത്ത് ആദരിക്കേണ്ട സേവനമാണ് അദ്ദേഹം ഈ നാടിന് വേണ്ടി ചെയ്തിരിക്കുന്നത്.

Thursday, 16 August 2012

പരസ്സഹായം ജീവിത വ്രതമാക്കിയവര്‍




    പുതിയ സീറ്റില്‍ ഞാന്‍ ചാര്‍ജെടുക്കുമ്പോള്‍ പഴയ ഓഫീസ്സര്‍ ഒരു ചെറുപ്പക്കാരനെ എനിക്കു പരിചയപ്പെടുത്തി. “ഇത് മിസ്റ്റര്‍ ചുരുളി ,നമ്മുടെ ഓഫീസ്സ്  യഥാര്‍ത്ഥത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നത് ഇയാളാണ്” ഉയരം കുറഞ്ഞു തടിച്ചു കൊഴുത്തൊരു കാളക്കുട്ടിയുടെ ചേലുള്ള ആ ചെറുപ്പക്കാരന്‍, പറഞ്ഞത് ശരിയാണെന്ന മട്ടില്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

Wednesday, 1 August 2012

ചാട്ടത്തില്‍ പിഴച്ചവര്‍.




    മാസത്തിന്‍റെ ആദ്യ ദിവസങ്ങളിലൊന്നില്‍ എനിക്കൊരു സന്ദര്‍ശകനുണ്ടാകുമായിരുന്നു.ഒരു പഴയ പരിചയക്കാരന്‍.1974-75 കാലയളവില്‍,ട്രെയിനിങ് സെന്‍ററില്‍ വെച്ചാണ് പരിചയം.അടുത്ത പരിചയമൊന്നുമല്ല.കാണുമ്പോള്‍ ചിരിക്കും,ചിലപ്പോള്‍ എന്തെങ്കിലും പറയും അത്രമാത്രം.ഗോപാലകൃഷ്ണനെ ആരും ശ്രദ്ധിക്കും.ചുറ്റുമുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കുന്ന എന്തോ ഒന്നു അയാളിലുണ്ടായിരുന്നു.ചടുലമായി സംസാരിക്കാനുള്ള അയാളുടെ കഴിവാകാം.ഇടക്ക് ഒരു കണ്ണടച്ച് നിങ്ങളോട് സംവദിക്കുന്ന രീതിയാകാം.എന്തായാലും നിങ്ങള്‍ക്കയാളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം.പക്ഷേ അവഗണിക്കാന്‍ കഴിയില്ല.

Thursday, 19 July 2012

ജീവിതത്തിന്‍റെ ചില നേര്‍ക്കാഴ്ചകള്‍




    “എനിക്കു ജീവിക്കണമെന്നില്ല.എനിക്കു മരിച്ചാല്‍ മതി.” സുദൃഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ നിശ്ശബ്ദനായി. ഒരു നിമിഷ നേരത്തേക്ക് എന്താണ് പറയേണ്ടത് എന്നു നിശ്ചയമില്ലാത്ത അവസ്ഥയിലായി. നഗരത്തിലെ ആശുപത്രിയില്‍ ഐ.സി.യു വില്‍ കിടക്കുന്ന അദ്ദേഹത്തെ കാണാന്‍ ചെന്നതായിരുന്നു ഞാന്‍. മകന്‍റെ ഭാര്യയുടെ ബന്ധുവും ഞാനും കൂടിയാണ് ആ മുറിയിലേക്ക് കയറിയത്. ഒരു മിനുറ്റ് കൊണ്ട് ബന്ധുവിനെ പറഞ്ഞുവിട്ട് അദ്ദേഹം എന്നോടു അടുത്തിരിക്കാന്‍ പറഞ്ഞു.ബെഡ്ഡിനോട് ചേര്‍ന്ന് കസേരയിട്ടു ഇരുന്ന എന്‍റെ കൈകള്‍ ഗുരുനാഥന്‍ കൂട്ടിപ്പിടിച്ചു.എന്തൊക്കെയാണ് ഞങ്ങളുടെ മനസ്സിലൂടെ കടന്നു പോയത്?
Related Posts Plugin for WordPress, Blogger...