Google+ Followers

Wednesday, 15 June 2011

ചാക്കോച്ചന്റെ ഒരു ദിവസം

ചാക്കോച്ചനു സ്വര്‍ഗ്ഗ രാജ്യം ലഭിക്കുമോ ?
കിട്ടാതിരിക്കുമോ?
      അടുത്ത കാലത്ത് എന്നെ മഥിക്കുന്ന ഒരു വലിയ പ്രശ്നമാണിത്. ദൈവം അങ്ങിനെ കരുണ കാണിക്കാതിരിക്കുമോ? എത്ര മാത്രം സ്തോത്രങ്ങളാണ് ഓരോ ദിവസവും ചാക്കോച്ചന്‍    ചൊല്ലുന്നത് ? രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. പത്തു മിനുട്ടുകൊണ്ട് റെഡി ആകും. പിന്നെ ബൈബിള്‍ എടുത്തു എകാഗ്രതയോടെ  ഉള്ള പാരായണമാണ്. വെറും വായന അല്ല. ചാക്കോച്ചന്‍റെ ഹൃദയം ശരിക്കും ദൈവത്തിങ്കലേക്കു എത്തും. ഈ ഭൂമിയും അതിലെ മായകളും അയാളുടെ മനസ്സിന്‍റെ കോണില്‍ പോലും ഇടം കിട്ടാതെ ഏതോ തമോഗര്‍ത്തങ്ങളിലലയും. എന്തിനു, തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ കിടക്കുന്ന ഭാര്യ സുമ പോലും അയാളുടെ മനസ്സില്‍ ഉണ്ടാവില്ല.

        സുമക്ക് ഇതൊക്കെ കാണുമ്പോള്‍ അരിശം വരും.വയസ്സ് 59 ആയെങ്കിലും സുമ ഒരു വെറും പെണ്ണ് തന്നെ. പുതപ്പു ഒന്ന് കൂടി വാരിപ്പുതച്ചു മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സില്‍ തെറി വിളിച്ചു അവളങ്ങിനെ കണ്ണടച്ചു കിടക്കും. സുമ ഇപ്പോഴും ദൈവത്തിങ്കലേക്കു വരാത്തതില്‍ ചാക്കോച്ചനു സങ്കടമുണ്ട്  .ബൈബിള്‍ വായനക്കിടയില്‍ ഈ ദുഃഖം മനസ്സിലേക്ക് വന്നാല്‍ അയാള്‍ ഉടന്‍ മുട്ടിന്മേല്‍ നില്‍ക്കും. സ്വൊന്തം ഭാര്യയെപ്പോലും കര്‍ത്താവിങ്കലേക്കു നയിക്കാന്‍ കഴിയാതെ പോയ അപരാധത്തിന് വീണ്ടും വീണ്ടും മാപ്പിരക്കും. അത് അയാളുടെ സ്വൊകാര്യ ദുഖമാണ്. എത്രയോ പേര്‍ക്ക് നല്ല വഴി പറഞ്ഞു കൊടുത്തിരിക്കുന്നു.എത്ര മദ്യപാനികള്‍ കുടി നിര്‍ത്തി .പൊട്ടി  തകരാന്‍ പോയ എത്രയോ കുടുംബങ്ങളെ കര്‍ത്താവില്‍ ഒന്നിപ്പിച്ചിരിക്കുന്നു? ഇത് വിധിയാണ് ചാക്കോച്ചന്‍ ആശ്വസിക്കാന്‍ ശ്രമിക്കും.
        ആറര വരെ ബൈബിള്‍ വായന .പിന്നെ ഡ്രസ്സ് ചെയ്തു ബൈക്കില്‍ നേരെ പള്ളിയിലേക്ക്. കുര്‍ബ്ബാന കഴിഞ്ഞു, വൈദീകനോടോ വിന്‍സെന്‍റ് ഡി പോള്‍ കാരോടോ    കുശലം പറഞ്ഞു നേരെ വീട്ടിലേയ്ക്ക്. സുമ പാചകം ഒക്കെ കഴിച്ചു കുളിക്കാന്‍ കയറിയിട്ടുണ്ടാവും.ദീപിക പേപ്പര്‍ ഒന്ന് ഓടിച്ചു നോക്കും.വന്നു വന്നു പേപ്പര്‍ തുറന്നാല്‍ ബോധം പോകുന്ന വാര്‍ത്തകളാണ്. ദൈവമേ കാത്തുകൊള്ളണമേ. ആ വിഷമം മാറ്റാന്‍ ശാലോം ഒന്ന് ഇരുത്തി വായിക്കും. അപ്പോഴേക്കും സുമ വന്നു "കാപ്പി എടുത്തു വെച്ചിട്ടുണ്ട്" എന്ന് മൊഴിഞ്ഞു അകത്തേക്ക് പോകും. അവള്‍ അടുക്കളയില്‍ തന്നെയിരുന്നാണ് ഭക്ഷണം. രണ്ടു പേരുള്ള ഒരു വീട്ടില്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവള്‍ക്കു പഴയ സ്നേഹമില്ല. സ്നേഹമില്ലെന്ന് മാത്രമല്ല വെറുപ്പാണോ എന്ന് പോലും തോന്നാറുണ്ട്.അവള്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ ജോലിയില്‍നിന്നു വിരമിക്കും. അതുകഴിഞ്ഞ് തന്നെ വിട്ടു ദൂരെയുള്ള മകന്‍റെയടുത്തെക്ക്   പോകുമോയെന്നുപോലും ചാക്കോച്ചനു സംശയമുണ്ട്‌. 

   "അവനറിയാതെ ഒരു പുല്‍ക്കൊടിപോലും ചലിക്കുന്നില്ല" അയാള്‍ സമാധാനിക്കും.എത്രയോ കാലം പള്ളിയോ പട്ടക്കാരാനോ ഇല്ലാതെ ജീവിച്ചതാണ്. വിവാഹം തന്നെ മതാചാര പ്രകാരമല്ലായിരുന്നു. സുമയോട് മതം മാറനൊന്നും ആവശ്യപ്പെട്ടില്ല.  രണ്ടു പേരും ഒരുമിച്ചു ജോലിക്ക് കയറിയവര്‍, അടുത്തടുത്തിരുന്നു ജോലി ചെയ്തവര്‍. എപ്പോഴോ രണ്ടു മനസ്സുകളില്‍ സ്നേഹം തുളുമ്പി. വിവാഹം കഴിഞ്ഞാണ് വീട്ടില്‍ അറിയിച്ചത്.ആദ്യത്തെ പൊട്ടലും ചീറ്റലുമൊക്കെ കഴിഞ്ഞപ്പോള്‍ സുമയെ മതം മാറ്റണം എന്നായി. താന്‍ വഴങ്ങിയില്ല. ഒരു പുരുഷനും സ്ത്രീയും മതത്തിന്‍റെകെട്ടുപാടുകളൊന്നുമില്ലാതെ    ജീവിക്കുന്നത് എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. സന്തോഷകരമായ ജീവിതം. രണ്ടു മക്കളുണ്ടായി. നാല് ഹൃദയങ്ങള്‍ അങ്ങിനെ നിറഞ്ഞു തുളുമ്പി നിന്ന ഇരുപതു വര്‍ഷങ്ങള്‍. നാല് ആളുകളായിരുന്നില്ല. ഒറ്റ ഹൃദയം . ഒരേ ചിന്ത.
      ഒറ്റക്കിരുന്നു ഇഡ്ഡലി തിന്നുകൊണ്ടിരുന്ന ചാക്കോച്ചന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. ആ ഇരുപ്പില്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. മക്കള്‍ ആകെ മാറിപ്പോയി. മക്കള്‍ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. പള്ളിയില്‍ വെച്ചായിരുന്നില്ല രണ്ടു വിവാഹങ്ങളും. അവരത് ഹിന്ദു  ആചാര പ്രകാരം തന്നെ നടത്തി.  തന്‍റെ എതിര്‍പ്പ് ആരും കാര്യമാക്കിയില്ല. എല്ലാത്തിനും അമ്മയും ബന്ധുക്കളും മുന്നില്‍ നിന്നു. അച്ചന്‍ ഒരു ആവശ്യ ഘടകമേ ആയിരുന്നില്ല. എന്തെങ്കിലും പറഞ്ഞാല്‍ സുമ ഒച്ചയിടും "എന്നാല്‍ ഇതു ആദ്യമേ ആകാമായിരുന്നില്ലേ?" ശരിയാണ് .അന്നേ അവളെ മതം മാറ്റിയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവുമായിരുന്നില്ല. എന്‍റെ  പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ. ചാക്കോച്ചന്‍റെ ഹൃദയം പാപ ബോധം കൊണ്ട് നിറഞ്ഞു.
           കുറച്ചു നേരം അങ്ങിനെ ഇരുന്നു. എഴുന്നേറ്റു കൈ കഴുകി നോക്കുമ്പോള്‍ സുമ ഇല്ല. ഓഫീസിലേക്ക് പോയത് അറിഞ്ഞേയില്ല. തമ്മില്‍ തമ്മില്‍ സംസാരിക്കുന്ന അവസരങ്ങള്‍ കുറഞ്ഞു വരുന്നു. ചാക്കോച്ചന്‍ വീടു പൂട്ടി ബൈക്കില്‍ കയറി. നേരെ ധ്യാന കേന്ദ്രത്തിലേക്ക്. പത്തു കിലോമീറ്റര്‍  ദൂരമുണ്ട്. ഇന്നല്‍പ്പം താമസിച്ചു പോയി. ഹാളില്‍ അന്‍പതോളം പേരുണ്ട്. എല്ലാ പ്രായത്തിലുമുള്ളവര്‍. ഇരുപതു തൊട്ടു എണ്‍പത്   വരെയുള്ളവരുണ്ട്. ഈ ചെറുപ്പക്കാരുടെ തീക്ഷണത കാണുമ്പോള്‍, തന്‍റെ നഷ്ടപ്പെടുത്തിയ   വര്‍ഷങ്ങളെയോര്‍ത്തു ചാക്കോച്ചന്‍റെ മനസ്സ് തേങ്ങി.  "ദൈവമേ പൊറുക്കണേ". 
   ധ്യാനകേന്ദ്രത്തിലിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല. മനസ്സും ശരീരവും നഷ്ടപ്പെട്ടു , യഹോവയുടെ   സന്നിധിയില്‍, അവിടുത്തെ പുകഴ്ത്തി, ആ സന്തോഷം അനുഭവിച്ചു, സായൂജ്യത്തിന്‍റെ ഉച്ച കോടിയില്‍ .എന്തൊരു ആനന്ദമാണ്. ഇതൊന്നും സുമക്ക് മനസ്സിലാവില്ല . "ഇരുപത്തിനാല് മണിക്കൂറും കിളുത്തിക്കൊടുത്തില്ലേ  എന്താ നിങ്ങളുടെ ദൈവം പണി തരുമോ?" അവള്‍ ചീറും .അവള്‍ക്കു ജഡികാശകളെ ഉള്ളു. "ദൈവമേ പൊറുക്കണേ" ചാക്കോച്ചന്‍റെ  ഉള്ളു നീറി.
         ഉച്ചക്ക് ധ്യാനകേന്ദ്രത്തില്‍ നിന്നു കിട്ടുന്ന കഞ്ഞി കുടിക്കും.വീണ്ടും ധ്യാനം, പ്രാര്‍ത്ഥന. രാത്രി എട്ടു മണിയാവുമ്പോള്‍ ദൈവത്തിനു നന്ദി പറഞ്ഞു എഴുന്നേല്‍ക്കും ."നിന്റെ കാരുണ്യത്തിനു നന്ദി. നീ തന്ന ഈ ദിവസത്തിന് നന്ദി."
  അര മണിക്കൂര്‍ കൊണ്ട് വീട്ടിലെത്തും. സുമ സീരിയല്‍ കാണുകയാവും.വസ്ത്രം മാറി നേരെ കുളി മുറിയിലേക്ക്.വിസ്തരിച്ചൊരു കുളി. ഷവറില്‍ നിന്നു ദൈവാനുഗ്രഹം പോലെ വീഴുന്ന ജല കണങ്ങള്‍ ചാക്കോച്ചനെ കോരിത്തരിപ്പിക്കും. "എന്‍റെ ദൈവമേ ,എന്‍റെ ദൈവമേ". ഇനി പ്രാര്‍ഥനയാണ്. താന്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ സുമ അടുത്തിരിക്കും. തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷെ വിട്ടില്ല. താനാണ് കുടുംബ നാഥന്‍. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ഭാര്യ കൂടിയെ പറ്റൂ. വഴക്ക് വേണ്ട എന്ന് കരുതിയാവും ഇപ്പോള്‍ കൂടെ വന്നിരിക്കും. ഒരു മണിക്കൂര്‍ പ്രാര്‍ത്ഥന കഴിഞ്ഞു അവള്‍ ഭക്ഷണം വിളമ്പും. പതിവ് പോലെ, തനിയെ  ഇരുന്നു, കഴിച്ചു തീര്‍ക്കും. എത്ര പറഞ്ഞാലും സുമ  കൂടെയിരിക്കില്ല. വിധി.
     കിടപ്പ് മുറിയില്‍ വീണ്ടും രണ്ടു മണിക്കൂര്‍ ബൈബിള്‍ വായന. സുമ വേറെ മുറിയിലാണ്. അതുകൊണ്ട് ശല്യമൊന്നുമില്ല . പിന്നെ ചെറിയൊരു പ്രാര്‍ത്ഥന കഴിഞ്ഞു ഉറക്കം. "ദൈവമേ കാത്തു കൊള്ളണേ".
ഇതാണ് ചാക്കോച്ചന്‍റെ ഒരു ദിവസം .ചില കുശുമ്പന്മാര്‍ പറയുന്നത് പോലെ ഞങ്ങളുടെ ചാക്കോച്ചനു സ്വര്‍ഗ്ഗരാജ്യം ലഭിക്കാതിരിക്കുമോ?
വെട്ടത്താന്‍ 

6 comments:

 1. ചാക്കോച്ചന്റെ ഒരു ദിനം നന്നായിട്ടുണ്ട് ഇനിയും എഴുതുക
  മലയാളത്തിലെ ഏക ഇലക്ട്രോണിക്സ് & മൊബൈല്‍ ഓണ്‍ ലൈന്‍ മാസികയായ ഇലക്ട്രോണിക്സ് കേരളം ഇപ്പോള്‍ സൌജന്ന്യമായി ലഭ്യമാണ് .elx 222 @gmail . com എന്നാ വിലാസത്തിലേക്ക് ഒരു മെയില്‍ അയക്കുക മാഗസിന്‍ ലിങ്ക് അയച്ചു തരുന്നതാണ്
  http://electronicskeralamonline.blogspot.com/
  click the link for gettig free electronics മാഗസിന്‍

  ReplyDelete
 2. To view comments on koottu.com,please visit the link given below.

  http://www.koottu.com/profiles/blogs/2919659:BlogPost:843098?commentId=2919659%3AComment%3A843680&xg_source=msg_com_blogpost

  ReplyDelete
 3. അപ്പൂപ്പന്‍ താടിയില്‍ ഈ ബ്ലോഗിന് വന്ന കമാന്‍റ് കാണാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്ക് നോക്കുക.You may have to log in to www.appooppanthaadi.com

  http://www.appooppanthaadi.com/profiles/blogs/5619182:BlogPost:409308?commentId=5619182%3AComment%3A435441&xg_source=msg_com_blogpost

  ReplyDelete
 4. അനുഭവം...?????!!!

  ReplyDelete
 5. അപ്പോള്‍ എന്തായി തീരുമാനം? ചാക്കോച്ചനു സ്വര്‍ഗ്ഗ രാജ്യം ലഭിക്കുമോ?

  ReplyDelete
  Replies
  1. ജോസിന് എന്തു തോന്നുന്നു.?

   Delete

Related Posts Plugin for WordPress, Blogger...